ലോസ് ആഞ്ചലസിലെ ഇരുപതുനില കൂറ്റന്‍ ഫാമിലി സമുച്ചയത്തിലെ ഫ്ലാറ്റില്‍ പുറത്തേക്കുള്ള ചില്ല് ജനാലകള്‍ തുറന്ന് നിലാവ് കാണുമ്പോള്‍ ജോസഫ് ചോദിച്ചു " അന്നാമ്മേ ... ഈ നിലാവ് മാത്രം നമ്മുടെ നാട്ടിലെ പോലെ ... ഒരു മാറ്റവും ഇല്ല... " . പ്രായാധിക്യം കൊണ്ട് തളര്‍ച്ചയുണ്ടെങ്കിലും വലതു കൈ കൊണ്ട് ജോസെഫിന്‍റെ നരച്ച താടി രോമങ്ങളില്‍ ഒന്ന് തഴുകി അന്നാമ്മ പറഞ്ഞു ... " ഇപ്പോളും നമുക്ക് അതൊന്നു മാത്രം കൂടെ കിട്ടിയപോലെ " .... കൊഴിഞ്ഞു പോയ പല്ലുകള്‍ക്ക് പകരം പിടിപ്പിച്ച സ്വര്‍ണ്ണപ്പല്ലുകള്‍ കൂട്ടിപ്പിടിച്ച് ജോസഫ് ഒന്ന് ചിരിച്ചപ്പോള്‍ അന്നാമ്മയും കൂടെ ചിരിച്ചു ... "നിനക്ക് ഓര്‍മ്മയുണ്ടോ അന്നാമ്മേ നമ്മള്‍ ആദ്യം കണ്ടത് ..?.... " .. ജോസെഫിനടുത്തെക്ക് ഒന്ന് നീങ്ങിനിന്നിട്ടു ആ നരച്ച തലയില്‍ ഒന്ന് തലോടി അന്നാമ്മ ഓര്‍മ്മയിലേക്ക് ഒന്ന് തിരികെ നടന്നു... " എട്ടാം ക്ലാസില്‍ കൂടെ പഠിക്കുന്ന ജോസൂട്ടി ... സ്കൂളില്‍ വെച്ച് പെട്ടെന്ന് ഐ ലവ് യു .. പറഞ്ഞ് ..എല്ലാരും കാണ്‍കെ മുത്തം തന്നോടിയത് എങ്ങനാ മറക്കുക... മാഷിന്‍റെ കയ്യിലെ ചൂരല്‍ ഒടിയും വരെ തല്ലുകൊണ്ട് നിലവിളിച്ചത് .. അമ്പത് കൊല്ലം തികയുന്നു ഈ ഡിസംബറില്‍ ..... പിന്നെ സഹതാപം കൂട്ടായതും ...കോളേജില്‍ എത്തിയപ്പോള്‍ അത് പ്രണയമായതുമൊക്കെ...." .. നിലാവിന്‍റെ നേരെ കൈപ്പത്തി നീട്ടി അന്നാമ്മ വീണ്ടും പറഞ്ഞു... " കിളിക്കൂട് പോലെ ഒരു പ്രണയം... എത്ര കാറ്റിലാ നമ്മുടെ കൂട് വീണു പോയത് .. ജോസൂട്ടിയെ തല്ലാന്‍ വന്ന ആങ്ങളമാര്‍ , സ്വത്ത് , കേസുകള്‍ വേറെ .. പെരുവഴിയില്‍ ആരുമില്ലാതെ നടന്ന നാളുകള്‍ ....ജോണി മോന്‍ , പുന്നാര മോള്‍ ഡെയ്സിക്കുട്ടിയുടെ മരണം ....വീഴ്ചകളില്‍ പിന്നെയും ചില്ലകള്‍ പെറുക്കി നമ്മള്‍ കൂട് കൂട്ടി .. ഇപ്പോള്‍ മോന്‍ ജോണിക്കുട്ടിയുടെ കൂടെ ഇവിടെ ..." .. അകലെ ആകാശത്തു താഴ്ന്നു പോകുന്ന ആകാശ നൌകകള്‍... തണുത്ത മേഘങ്ങള്‍ ഉള്ളിലേക്ക് തള്ളിവരുന്നു ....
" അന്നാമ്മെ അന്ന് ഞാന്‍ ആദ്യം തന്ന മുത്തം ഇപ്പോഴും സ്വപ്നത്തില്‍ വരാറുണ്ട് കൂടെ മാഷിന്‍റെ അടിയും....പിന്നെ കോളേജിലെ വാക മരച്ചോട്ടില്‍ ഒന്നിച്ചു ഇല ചോറ് കഴിച്ചതുമെല്ലാം...
നമ്മള്‍ എത്ര ഭാഗ്യം ചെയ്തവരാ ... ഈ അമ്പത് കൊല്ലം ഇങ്ങനെ പ്രണയിക്കാന്‍... ...../..............; മരിക്കുന്നതിനു മുമ്പ് നിന്‍റെ അപ്പന്‍ സ്നേഹത്തോടെ എന്നോട് പറഞ്ഞപോലെ .. മോനെ ജോസൂട്ടി എല്ലാം ക്ഷമിച്ചേക്ക് .. ഞങ്ങളുടെ അന്നാമ്മയ്ക്ക് തമ്പുരാന്‍ തന്നതാ നിന്നെ....പിന്നെയാ കണ്ണുകള്‍ അടഞ്ഞപ്പോള്‍ സ്നേഹത്തിന്‍റെ ഒരു നനവ്.." . അന്നാമ്മയുടെ കണ്ണുകളില്‍ നിന്നൂറിയ കണ്ണീര്‍ ആ വൃദ്ധന്‍റെ നെറ്റിയില്‍ ഒരു ചെറിയ ചാലായി ഒഴുകി... മുഖമൊന്നമര്‍ത്തി പെയ്തു തീരാത്ത സന്തോഷം ഒരു ചുംബനമായി തിരികെ നല്‍കുമ്പോള്‍ ആ എട്ടാം ക്ലാസുകാരന്‍ ജോസൂട്ടി മുമ്പില്‍ നിന്ന പോലെ .. !!!!
എഞ്ചിനീയര്‍ ആയ ജോണിക്കുട്ടിയും , ആശുപത്രി ജോലിക്കാരിയായ ഭാര്യ സാറാമ്മയും എപ്പോഴും പറയും ഞങ്ങള്‍ക്കും കൊതിയെന്നു അപ്പച്ചനെയും അമ്മച്ചിയേം പോലാവാന്‍ ... തിരക്ക് പിടിച്ച ജീവിതത്തില്‍ സ്വന്തം മകളെ പോലും നോക്കാത്തവര്‍ എങ്ങനെ പരസ്പരം സ്നേഹിക്കാന്‍...
ക്ലാസ് മുറിയില്‍ എല്ലാരും കാണ്‍കെ റോബര്‍ട്ട് കെട്ടി പിടിച്ചുവെന്നും
എല്ലാരും കയ്യടിച്ചു ചിരിച്ചുവെന്നുമൊക്കെ കൊച്ചു മോള് റോസി സങ്കടം പറഞ്ഞപ്പോള്‍ ജോണിയും , സാറാമ്മയും അവളെ കളിയാക്കിയത്രേ .... പതിനാറു വയസുകാരി മോള്‍ക്ക് അബോര്‍ഷന്‍ എടുക്കേണ്ടി വന്നപ്പോള്‍ മാത്രം സാറാമ്മ കരഞ്ഞു കൊണ്ട് പറഞ്ഞത്രേ "...അപ്പച്ചനും അമ്മച്ചിയും ഭാഗ്യം ഉള്ളവരാ . ഇന്ത്യയില്‍ ജീവിക്കുന്നവരും ." കൊച്ചുകുഞ്ഞിന്‍റെ കഴുത്തിലെ ഞരമ്പ് അവള്‍ മുറിച്ചു പുറത്ത് എടുക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു അടുത്തു നിന്ന ഡോക്ടറോട് ചോദിച്ചുവത്രേ ..." എന്‍റെ മോള്‍ക്ക് അമ്മച്ചിക്ക് കിട്ടിയ പോലെ ഒരു ജോസൂട്ടിയെ ഇവിടെ കിട്ടുമോ..എന്ന് .? ......
അമ്മയുടെ കണ്ണീരിന്‍റെ വിലയറിയാവുന്നതിലാവാം സായ്പ്പ്" ഗോഡ് ബ്ലെസ് യു" എന്നവളോട് മറുപടി പറഞ്ഞിട്ടുണ്ടാവുക...
നിലാവിനെ തഴുകി വരുന്ന തണുത്ത മേഘവും , കാറ്റും...!! ആ കിളിക്കൂട്ടില്‍ രണ്ടു പക്ഷികള്‍ കൂടണയുകയായിരുന്നു ... അവരുടെ സ്വപ്നങ്ങളുടെ വര്‍ണ്ണ ക്കൂട്ടുകളുള്ള.. മനോഹരമായ ഒരു കിളിക്കൂട്
No comments:
Post a Comment