Tuesday, December 20, 2011

പരമാര്‍ത്ഥം ...

പലരും അവനവനെ അവനവന്റെ ഉള്ളില്‍ തന്നെ ത്യജിക്കുന്നത് മറ്റാര്‍ക്കോ വേണ്ടിയാണ്. ത്യജിച്ചവരും ത്യജിക്കാന്‍ കാരണക്കാരായവരും എന്നിട്ടും ഒന്നും നേടുന്നില്ല എന്നതാണ് പരമാര്‍ത്ഥം ...പരമാര്‍ത്ഥം തിരിച്ചറിയുമ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചിരിക്കും. പിന്നീട് വരുന്നത് രാത്രിയാണ്. നിലാവ്‌ നഷ്ടപ്പെട്ട ആ ഇരുട്ടില്‍ എത്ര കരഞ്ഞാലും ആരും കാണില്ല. കരച്ചില്‍ അമര്‍ത്തി അടുത്ത സൂര്യരശ്മിയിലേക്ക് കണ്ണു തുറക്കുമ്പോഴേക്കും, കരഞ്ഞ മനസ്സും കരയിപ്പിച്ച മനസ്സും എല്ലാം സൂര്യനില്‍ വിലയം പ്രാപിച്ചിരിക്കും.
ജീവിതത്തോളം മധുരം തരുന്ന മറ്റൊന്നില്ല.
ജീവിതത്തോളം കയ്പ്പേറിയതാക്കാന്‍ കഴിയുന്ന മറ്റൊന്ന്‍ വേറെയുമില്ല..

കാപ്പി----Mini Ramachandran

കാപ്പി പലവിധം. പലര്‍ക്കും പലവിധത്തില്‍ കാപ്പി ഉണ്ടാക്കാനറിയാം. കാപ്പിയുടെ ആ അഭൌമമായ ഗന്ധം മാത്രം മതി, അതിനെ വീണ്ടും വീണ്ടും ആസ്വദിക്കാന്‍ നമ്മെ അത് പ്രേരിപ്പിക്കുന്നു.നമ്മുടെ (സൌത്ത്) ഇന്ത്യന്‍ കാപ്പി ഉണ്ടാക്കുന്നത്‌ വളരെ ലളിതമാണ്. വെള്ളം തിളപ്പിക്കുന്നു, കാപ്പിപ്പൊടി (ഇന്‍സ്റ്റന്റ് അല്ലെങ്ങ്ഗില്‍ നോണ്‍ ഇന്‍സ്റ്റന്റ്) ഇടുന്നു, പാല്‍, മധുരം ചേര്‍ക്കുന്നു, ഫാന്‍ ഓണ്‍ ചെയ്തു അതിന്റെ താഴെ ഇരുന്നു, ചൂടോടെയുള്ള കാപ്പി കുടിക്കുന്നു. ഞാന്‍ സാധാരണ കാപ്പി കുടിക്കാന്‍ തുടങ്ങിയാല്‍ കമാന്നു മിണ്ടാറില്ല. കാരണം കാപ്പി അത്രയ്ക്ക് ഇഷ്ടമായതിനാല്‍, ഇടയ്ക്ക് ദിസ്ടര്ബന്സ് ഒന്നും പാടില്ല.
എന്റെ സുഹൃത്തിന്റെ അഗ്രഹാരത്തില്‍ ഉണ്ടാക്കുന്ന കാപ്പിയാണ് ഈ ലോകത്തില്‍ വെച്ചു സ്വാദേറിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പരമമായ യാഥാര്‍ഥ്യം മാത്രമാണ്. അത് കുപ്പിയിലെ പഴഞ്ചന്‍ കാപ്പിപ്പൊടിയെടുത്തു ശടെ എന്ന് ഉണ്ടാക്കുന്നതല്ല. കാപ്പിക്കുരു തല്‍ക്ഷണം വറത്തു പൊടിച്ചു (കൈ കൊണ്ടു തിരിക്കുന്ന തരം ബ്ലെന്ടെര്‍) ഉണ്ടാക്കുന്ന കാപ്പി. അതിനോട് കിട പിടിക്കാന്‍ വേറെ കാപ്പിയില്ലെന്ഗിലും, പാലക്കാട്ടെ 'അശോക് ഭവന്‍'ലെ കാപ്പിയും ഒപ്പിക്കാം.ഇതൊന്നും ഒത്തിലെന്ഗില്, നമ്മുടെ 'ബ്രു' ഇന്‍സ്റ്റന്റ് തന്നെ ശരണം.

ട്രെയിന്‍ സ്ടേഷനുകളിലെ കാപ്പി, കാപ്പിയല്ല എന്ന അഭിപ്രായമാണ് എനിക്ക്.

അമേരിക്കയില്‍ കാപ്പി ഒരു 'ത്രൂ ഔട്ട് ദ ഡേ ബെവേരജ്' ആണ്. ദിവസത്തിലെ ഏത് നേരവും കാപ്പി കുടിക്കാവുന്ന നേരം. അത് കൊണ്ടാണ് സ്റ്റാര്‍ ബക്ക്സ്, അമേരിക്കന്‍ ജനതയുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആവുന്നത്. കാപ്പി കാപ്പിയാവുന്നത്, അതിന്റെ രുചി മാത്രം മുന്തി നില്‍ക്കുമ്പോഴാണ്. സ്റ്റാര്‍ ബക്ക്സ് തരുന്നതില്‍, ചിലപ്പോള്‍, ക്രീം, പല എസ്സെന്സുകള്‍ മറ്റും, ചേര്ത്തു, ഇതു കാപ്പിയാണോ, കഷായമാണോ, ഐസ് ക്രീം ആണോ എന്ന് സംശയം വരുന്നതിനാല്‍, നമുക്കു നമ്മുടെ കാപ്പി താന്‍ നല്ലത് എന്ന് കരുതുന്ന ആളാണ് ഞാന്‍.

അവരുടെ ബരിസ്ട ഗാലെറി്യില് അനവധി ചോയ്സുകള്‍ ഉണ്ട്. കാപ്പി രുചികളില്‍ ഒരു പിഎച്ച്ടി dissertation - നു വകയുണ്ട്.എങ്കിലും കോഫി കാബിനെറ്റ്‌ വളരെ രസകരമായ ഒരു കാര്യമാണ്.

കാപ്പി, എന്റെ പ്രിയപ്പെട്ട പാനീയം ...!

മുള കാത്ത്-കവിത-Abhirami

മുള കാത്ത്

അഭിരാമി

കൃഷിയാപ്പീസില്‍
ക്യൂനിന്നു മടുത്താണ്
കുരു കിട്ടിയത്

മൂപ്പു മണത്തതിനാല്‍
മണ്ണന്വേഷിച്ച് കുമാരന്‍
കുന്നു കയറി

പെയ്തൊഴിയാത്ത മഴക്കാലം
പാതി തിന്ന റോഡിനു കൂട്ടിരിക്കാന്‍
കുന്നു പോയിരുന്നു

എണ്ണ തേച്ച ഇടവഴിയില്‍
ഇടംതേടി ചെന്നപ്പോള്‍
സിഗ്നല്‍ തണലായിരുന്നു

വഴിയറ്റ്, പള്ളിപ്പറമ്പിലെ
പറങ്കിച്ചുവട്ടിലണഞ്ഞപ്പോള്‍
ഇനിയും തലപൊക്കാന്‍
വെളിച്ചം കാത്തു കഴിയുന്ന
വിത്തുകളായിരുന്നു

മണ്ണുകിട്ടാതെ
മനംമടുത്ത കുമാരന്‍
വായ മാന്തിത്തുരന്ന്
കുരു ഉള്ളിലേക്കിട്ട്
മണ്ണില്‍ മലര്‍ന്നുകിടന്നു

മുള പൊന്തി തളിരിട്ട്
കായ്ചു പടരുന്ന കാഴ്ച കാണാന്‍

ഞാന്‍ ഒറ്റയ്ക്കായത്.

കടലിന്റെ അടിത്തട്ടില്‍നിന്ന്

അനിത തമ്പി

നിന്നോടു സംസാരിച്ചുകൊണ്ടു ഞാന്‍
കടലിനുമീതെ നടക്കുകയായിരുന്നു

തിരകള്‍
എന്റെ കാലടികളെ ഇക്കിളിയാക്കി
കാറ്റ് ഉടലിനെ പായ് മരമാക്കി

വിശ്വസിക്കൂ എന്നു പറഞ്ഞ്
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍
നീയില്ല.
കണ്ണെത്തുന്നിടത്തെങ്ങും കരയില്ല,
കര തേടുന്ന കടല്‍ക്കാക്കകളുമില്ല.

അങ്ങനെയാണ്
ഇത്രമേല്‍ ആഴത്തില്‍
ഞാന്‍
ഒറ്റയ്ക്കായത്.

എന്റ്റെ കണ്ണുകളില്‍

ഇനി എന്റ്റെ കണ്ണുകളില്‍ ഒളിതാവളങ്ങള്‍ തേടി അലയുന്ന തീഷ്ണമായ സ്വപന്നങ്ങള്‍ ഇല്ല.....തന്റ്റെ കാല്പാദം മാത്രം നനച്ചു വഴിമാറുന്ന നന്നുത്ത മഴയില്ല.....മുമ്പേ നടക്കുതോറും ഇടുങ്ങി വരുന്ന വഴി പാതകളും ഇല്ല .......................

ഞാന്‍ മടങ്ങുമ്പോള്‍ ശേഷിക്കുന്നത് പാതി വായിച്ചു നിര്‍ത്തിയ ഒരു നോവല്‍ മാത്രം .ഓര്‍മ്മകള്‍ നിറങ്ങളായി തേച്ചുപിടിപ്പിച്ച ഏടുകള്‍ .ഓരോ ഏടുകളിലും പരിജയപെട്ടു വിചിത്രമായ കുറേ മുഖങ്ങള്‍,സഹയാത്രികര്‍ ആയിരുന്നില്ല ആരും . ഓര്‍ക്കുന്നു ഞാന്‍ ഈ നോവല്‍ വായിച്ചു തുടങ്ങിയ നിമിഷങ്ങള്‍ .......ആ സായാഹ്ന്നം ശാന്തമായിരുന്നു . അന്ന് ഞാന്‍ ആദ്യമായി പരിജയപ്പെട്ടത് രണ്ടു കഥാപാത്രങ്ങള്‍ ഒരു പക്ഷെ ഞാന്‍ മടങ്ങുമ്പോള്‍ സഹതാപതിന്റ്റെയും കടപാടിന്റ്റെയും വാക്കുകള്‍ ഇവര്‍ക്ക് മാത്രം കിട്ടുകയില്ല.ആമുഖത്തിനു ശേഷം എന്നെ സ്വീകരിക്കാനുള്ള മാലാഖമാരെ പോലെ വാക്കുകള്‍ കോരി യിടാത്ത ഒരു ഏട് .കേവലം ഒരു ഷിഫ്റ്റ്‌ ഡിലീറ്റ് അടിച്ചത് പോലെ ,അതിന്റ്റെ പ്രാധാന്യം ഇന്ന് ഞാന്‍ മനസിലാക്കുന്നു .

തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ പക്ഷേ ................തുടര്‍ പേജുകള്‍ വായിച്ചു കൊണ്ടിരുന്നത് ഞാന്‍ അറിയാതെ ആയിരുന്നു.എല്ലാവരെയും പോലെ എന്റ്റെ കുട്ടിക്കാലം .തോടുകളും,കുളപടവുകളും ,കുന്തി പുഴയുടെ തീരന്കളും.....ഈ ഓര്‍മ്മകള്‍ മതി എനിക്ക് ജീവിക്കാന്‍,പക്ഷെ കഴിയുന്നില.

ഞാന്‍ എന്ന സാധാരണ വായനക്കാരന് പിടികിട്ടാതെ പോയ ഒരു കഥാപാത്രം.എന്നിലേക്ക്‌ നടന്നു വന്ന ആ ഭാവത്തെ പലപ്പോഴായി വായിച്ചെടുക്കാന്‍ ശ്രമിച്ചു.പക്ഷെ കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയാകുകയായിരുന്നു.ഏതൊരു എഴുതുകാരന്റ്റെയും ചില ചിന്തകള്‍ വായനകരനില്‍ അടിചെല്പിക്കുനതാകം. അത് പോലെ അവള്‍ എന്നില്‍ ശേഷിക്കുന്നു .ഇനി എന്റെ ചാരം അവളില്‍ സിന്ധൂരമായി മാറുമ്പോള്‍ അറിയുകയില്ല ആരും എന്റെ വേദനയെ..............."

ഞാന് ‍.................

നീ

തിരയൊടുങ്ങാത്ത
സ്നേഹാവേശത്തില്‍
തല തല്ലി ചാകരുതെന്നും
അറ്റം മുട്ടാത്ത ആകാശത്ത്
അലസം പറക്കുന്ന കിളികളെ
... കണ്ടു മോഹിക്കരുതെന്നും
വസന്തം വിരിയുന്ന വെഞ്ചാമര-
കാറ്റില്‍ ആടിയുലയരുതെന്നും
ഒറ്റക്കാലന്‍ കൊറ്റികളെയും
കോങ്കണ്ണന്‍ കാക്കകളെയും
കൂട്ടുകാരാക്കരുതെന്നും
പല വര്‍ണ്ണങ്ങളില്‍ ചിത്രം രസമില്ലെന്നും
നീലാകാശത്തും നീലകടലിലും
ഒരു തരി പോലും ബാക്കി വെക്കാതെ
അലിഞ്ഞു ഇല്ലാതാവണമെന്നും
നീ മാറോടണച്ചു പറഞ്ഞപ്പോള്‍
ഞാനൊരു ഉപ്പുകല്ലാവാനുള്ള നീറ്റലിലായിരുന്നു

തിരുവാതിര --Mini Ramachandran & Ganga Ramanathan

ധനു മാസത്തിലെ തിരുവാതിരക്കു ആര്‍ദ്ര ദര്‍ശനം, വ്രതം, കൈകൊട്ടിക്കളി എല്ലാം ചെയ്യണം...
-----------------------------------------------------------------------------
ആതിരക്കാലം അണഞ്ഞു വല്ലോ
ആളിമാരാരും അറിഞ്ഞതില്ലേ
പാട്ടും കുരവയും നീരാട്ടം ആട്ടവും
കോട്ടം കൂടാതെ കൊണ്ടാടീടനം
നിങ്ങള്‍ കൂട്ടരുമോത് കളിചിടെണംവട്ടങ്ങളൊക്കെ ഒരുക്കീടെണം
ചട്ടങ്ങളൊക്കെ നടത്തീടെണം
എട്ടങ്ങാടി ചുട്ടു പൂജ കഴിച്ചതില്‍
ശിഷ്ടം നമുക്ക് ഭുജിചിടെനം
കരം കൊട്ടി കളിക്കണം ആര്പ്പമോധം...


തിരുവതിരെയേ കുറിച്ച് എഴുതാം....ഇത് കോട്ടയം സ്വദേശികള്‍ ആഖോഷിക്കുന്ന രീതി ആണ്....
മകയിരം ഒരിക്കല്‍ നോക്കാതെ തിരുവാതിര നോല്‍ക്കരുത്...മകയിരം വൃതം മക്കള്‍ക്ക്‌ വേണ്ടി..
മകയിരത്തിന് ക്ഷേത്ര ദര്‍ശനം, ഉച്ചക്ക് ഒരു നേരം മാത്രം അരി ആഹാരം...ഉള്ളി, വെളുത്തുള്ളി ഒന്നും പാടില്ല..പച്ചരി ചോറും ചമ്മന്തിയും മതി ഉച്ചക്ക്..രാത്രി അരി ആഹരമാല്ലാതെ എന്തെങ്കിലും ലഖു ഭക്ഷണം....പിന്നെ തിരുവാതിര നടക്കുന്ന സ്ഥലത്തേക്ക് പോകുക....9 മണിയോടെ എട്ടങ്ങാടി പൂജിക്കും..അത് എല്ലാവര്ക്കും പ്രസാദമായി നല്‍കും..( കരിമ്ബ്‌, ശര്‍ക്കര, കടല, ചെറു കിഴങ്ങ്, കല്‍ക്കണ്ടം) ഇവ ചേര്‍ന്നതാണ് എട്ടങ്ങാടി....
പിന്നെ തിരുവാതിര കളി തുടങ്ങുകയായി....വെളുപ്പിനെ വരെ കളി തുടരും...അതിനു ശേഷം കുളിച്ചു വന്നു പാല വൃക്ഷത്തിന്റെ ചുവട്ടില്‍ പൂജ....ദശപുഷ്പങ്ങള്‍ ഓരോന്നായി എടുത്തു പാട്ടു പടി പൂജിച്ച ശേഷം തലയില്‍ ചൂടി ആര്‍ദ്ര ദര്‍ശനത്തിനു ശിവ ക്ഷേത്രത്തിലേക്ക് പോകും.....
തിരിച്ചു വീട്ടില്‍ എത്തിയാല്‍ അടുക്കളയില്‍....
രാവിലെ കൂവ കുറുക്കിയതും പഴം നുറുങ്ങും, ഉപ്പേരിയും....ഉച്ചക്ക് ഗോദംപ് കഞ്ഞി, പുഴുക്ക്, ഇഞ്ചിക്കറി, പുളിശ്ശേരി, പപ്പടം....വീണ്ടും തിരുവാതിര നക്ഷത്രം തീരുന്നത് വരെ തിരുവാതിര കളി തുടരും.....

സ്വര്‍ഗ്ഗത്തിലെ കിളിക്കൂട്‌ .... Suguna Sekharan

ലോസ് ആഞ്ചലസിലെ ഇരുപതുനില കൂറ്റന്‍ ഫാമിലി സമുച്ചയത്തിലെ ഫ്ലാറ്റില്‍ പുറത്തേക്കുള്ള ചില്ല് ജനാലകള്‍ തുറന്ന് നിലാവ് കാണുമ്പോള്‍ ജോസഫ്‌ ചോദിച്ചു " അന്നാമ്മേ ... ഈ നിലാവ് മാത്രം നമ്മുടെ നാട്ടിലെ പോലെ ... ഒരു മാറ്റവും ഇല്ല... " . പ്രായാധിക്യം കൊണ്ട് തളര്‍ച്ചയുണ്ടെങ്കിലും വലതു കൈ കൊണ്ട് ജോസെഫിന്‍റെ നരച്ച താടി രോമങ്ങളില്‍ ഒന്ന് തഴുകി അന്നാമ്മ പറഞ്ഞു ... " ഇപ്പോളും നമുക്ക് അതൊന്നു മാത്രം കൂടെ കിട്ടിയപോലെ " .... കൊഴിഞ്ഞു പോയ പല്ലുകള്‍ക്ക് പകരം പിടിപ്പിച്ച സ്വര്‍ണ്ണപ്പല്ലുകള്‍ കൂട്ടിപ്പിടിച്ച് ജോസഫ്‌ ഒന്ന് ചിരിച്ചപ്പോള്‍ അന്നാമ്മയും കൂടെ ചിരിച്ചു ... "നിനക്ക് ഓര്‍മ്മയുണ്ടോ അന്നാമ്മേ നമ്മള്‍ ആദ്യം കണ്ടത് ..?.... " .. ജോസെഫിനടുത്തെക്ക് ഒന്ന് നീങ്ങിനിന്നിട്ടു ആ നരച്ച തലയില്‍ ഒന്ന് തലോടി അന്നാമ്മ ഓര്‍മ്മയിലേക്ക് ഒന്ന് തിരികെ നടന്നു... " എട്ടാം ക്ലാസില്‍ കൂടെ പഠിക്കുന്ന ജോസൂട്ടി ... സ്കൂളില്‍ വെച്ച് പെട്ടെന്ന് ഐ ലവ് യു .. പറഞ്ഞ് ..എല്ലാരും കാണ്‍കെ മുത്തം തന്നോടിയത് എങ്ങനാ മറക്കുക... മാഷിന്‍റെ കയ്യിലെ ചൂരല്‍ ഒടിയും വരെ തല്ലുകൊണ്ട് നിലവിളിച്ചത് .. അമ്പത് കൊല്ലം തികയുന്നു ഈ ഡിസംബറില്‍ ..... പിന്നെ സഹതാപം കൂട്ടായതും ...കോളേജില്‍ എത്തിയപ്പോള്‍ അത് പ്രണയമായതുമൊക്കെ...." .. നിലാവിന്‍റെ നേരെ കൈപ്പത്തി നീട്ടി അന്നാമ്മ വീണ്ടും പറഞ്ഞു... " കിളിക്കൂട്‌ പോലെ ഒരു പ്രണയം... എത്ര കാറ്റിലാ നമ്മുടെ കൂട് വീണു പോയത് .. ജോസൂട്ടിയെ തല്ലാന്‍ വന്ന ആങ്ങളമാര്‍ , സ്വത്ത് , കേസുകള്‍ വേറെ .. പെരുവഴിയില്‍ ആരുമില്ലാതെ നടന്ന നാളുകള്‍ ....ജോണി മോന്‍ , പുന്നാര മോള്‍ ഡെയ്സിക്കുട്ടിയുടെ മരണം ....വീഴ്ചകളില്‍ പിന്നെയും ചില്ലകള്‍ പെറുക്കി നമ്മള്‍ കൂട് കൂട്ടി .. ഇപ്പോള്‍ മോന്‍ ജോണിക്കുട്ടിയുടെ കൂടെ ഇവിടെ ..." .. അകലെ ആകാശത്തു താഴ്ന്നു പോകുന്ന ആകാശ നൌകകള്‍... തണുത്ത മേഘങ്ങള്‍ ഉള്ളിലേക്ക് തള്ളിവരുന്നു ....
" അന്നാമ്മെ അന്ന് ഞാന്‍ ആദ്യം തന്ന മുത്തം ഇപ്പോഴും സ്വപ്നത്തില്‍ വരാറുണ്ട് കൂടെ മാഷിന്‍റെ അടിയും....പിന്നെ കോളേജിലെ വാക മരച്ചോട്ടില്‍ ഒന്നിച്ചു ഇല ചോറ് കഴിച്ചതുമെല്ലാം...
നമ്മള്‍ എത്ര ഭാഗ്യം ചെയ്തവരാ ... ഈ അമ്പത് കൊല്ലം ഇങ്ങനെ പ്രണയിക്കാന്‍... ...../..............; മരിക്കുന്നതിനു മുമ്പ് നിന്‍റെ അപ്പന്‍ സ്നേഹത്തോടെ എന്നോട് പറഞ്ഞപോലെ .. മോനെ ജോസൂട്ടി എല്ലാം ക്ഷമിച്ചേക്ക് .. ഞങ്ങളുടെ അന്നാമ്മയ്ക്ക് തമ്പുരാന്‍ തന്നതാ നിന്നെ....പിന്നെയാ കണ്ണുകള്‍ അടഞ്ഞപ്പോള്‍ സ്നേഹത്തിന്‍റെ ഒരു നനവ്‌.." . അന്നാമ്മയുടെ കണ്ണുകളില്‍ നിന്നൂറിയ കണ്ണീര്‍ ആ വൃദ്ധന്‍റെ നെറ്റിയില്‍ ഒരു ചെറിയ ചാലായി ഒഴുകി... മുഖമൊന്നമര്‍ത്തി പെയ്തു തീരാത്ത സന്തോഷം ഒരു ചുംബനമായി തിരികെ നല്‍കുമ്പോള്‍ ആ എട്ടാം ക്ലാസുകാരന്‍ ജോസൂട്ടി മുമ്പില്‍ നിന്ന പോലെ .. !!!!
എഞ്ചിനീയര്‍ ആയ ജോണിക്കുട്ടിയും , ആശുപത്രി ജോലിക്കാരിയായ ഭാര്യ സാറാമ്മയും എപ്പോഴും പറയും ഞങ്ങള്‍ക്കും കൊതിയെന്നു അപ്പച്ചനെയും അമ്മച്ചിയേം പോലാവാന്‍ ... തിരക്ക് പിടിച്ച ജീവിതത്തില്‍ സ്വന്തം മകളെ പോലും നോക്കാത്തവര്‍ എങ്ങനെ പരസ്പരം സ്നേഹിക്കാന്‍...
ക്ലാസ് മുറിയില്‍ എല്ലാരും കാണ്‍കെ റോബര്‍ട്ട് കെട്ടി പിടിച്ചുവെന്നും
എല്ലാരും കയ്യടിച്ചു ചിരിച്ചുവെന്നുമൊക്കെ കൊച്ചു മോള് റോസി സങ്കടം പറഞ്ഞപ്പോള്‍ ജോണിയും , സാറാമ്മയും അവളെ കളിയാക്കിയത്രേ .... പതിനാറു വയസുകാരി മോള്‍ക്ക്‌ അബോര്‍ഷന്‍ എടുക്കേണ്ടി വന്നപ്പോള്‍ മാത്രം സാറാമ്മ കരഞ്ഞു കൊണ്ട് പറഞ്ഞത്രേ "...അപ്പച്ചനും അമ്മച്ചിയും ഭാഗ്യം ഉള്ളവരാ . ഇന്ത്യയില്‍ ജീവിക്കുന്നവരും ." കൊച്ചുകുഞ്ഞിന്‍റെ കഴുത്തിലെ ഞരമ്പ് അവള്‍ മുറിച്ചു പുറത്ത് എടുക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു അടുത്തു നിന്ന ഡോക്ടറോട് ചോദിച്ചുവത്രേ ..." എന്‍റെ മോള്‍ക്ക്‌ അമ്മച്ചിക്ക് കിട്ടിയ പോലെ ഒരു ജോസൂട്ടിയെ ഇവിടെ കിട്ടുമോ..എന്ന് .? ......
അമ്മയുടെ കണ്ണീരിന്‍റെ വിലയറിയാവുന്നതിലാവാം സായ്പ്പ്" ഗോഡ്‌ ബ്ലെസ് യു" എന്നവളോട് മറുപടി പറഞ്ഞിട്ടുണ്ടാവുക...
നിലാവിനെ തഴുകി വരുന്ന തണുത്ത മേഘവും , കാറ്റും...!! ആ കിളിക്കൂട്ടില്‍ രണ്ടു പക്ഷികള്‍ കൂടണയുകയായിരുന്നു ... അവരുടെ സ്വപ്നങ്ങളുടെ വര്‍ണ്ണ ക്കൂട്ടുകളുള്ള.. മനോഹരമായ ഒരു കിളിക്കൂട്‌

പറയിപെറ്റ പന്തിരുകുലം-----Lakshmi Menon K

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

1മേഴത്തോൾ അഗ്നിഹോത്രി
2 പാക്കനാർ
3 രജകൻ
4 വള്ളോൻ
5 നാറാണത്തുഭ്രാന്തൻ
6 കാരയ്ക്കലമ്മ
7 അകവൂർ ചാത്തൻ
8 പാണനാർ
9 വടുതല നായർ
10 ഉപ്പുകൂറ്റൻ
11 ഉളിയന്നൂർ പെരുന്തച്ചൻ
12 വായില്ലാക്കുന്നിലപ്പൻ

ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.
നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വര രുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി.

“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.
അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.
വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ട്‌ വേണം എന്ന ആവശ്യം ഊണിനു ശേഷം തനിക്കൊന്നു കിടക്കണം എന്നതാണെന്നും, നൂറുപേർക്ക്‌ ഭക്ഷണം നൽകണമെന്ന ആവശ്യം അദ്ദേഹത്തിന്‌ തർപ്പണം ചെയ്യണം (പിതൃ തർപ്പണത്തിലൂടെ പിതാമഹന്മാരുടെ നൂറുകണക്കിന്‌ ആത്മാക്കൾ തൃപ്തരാവും എന്നാണ്‌ ഹൈന്ദവ വിശ്വാസം) എന്നാണെന്നും ആ യുവതി അച്ഛനു വിവരിച്ചുകൊടുത്തു. കൂടാതെ നൂറ്റൊന്നു കറി വേണം എന്ന ആവശ്യം ഇഞ്ചിക്കറിയെപ്പറ്റിയാണെന്നും, മൂന്നുപേരെ തിന്നണം എന്നത്‌ വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണം എന്നാണെന്നും, നാലു പേർ ചുമക്കണം എന്നത്‌ പറഞ്ഞത്‌ കിടക്കാൻ കട്ടിൽ വേണം എന്നാണെന്നും ആ യുവതി മനസ്സിലാക്കിയിരുന്നു.
യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.
ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.
ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.

നമസ്കാരം

വരാന്തയിലേക്ക് സ്വാഗതം